Thursday, November 28, 2013

ബി എം ഗഫൂര്‍ : നവംബറില്‍ നഷ്ടമായ ചിരിവരയുടെ ചിന്തകന്‍.


ചിരിപ്പിച്ചുകൊണ്ട് ചിന്തിക്കുവാന്‍ പ്രേരിപ്പിച്ചവരില്‍ പ്രമുഖനായ ബി.എം.ഗഫൂറിന്റെ വരകള്‍ മലയാളിക്ക് നഷ്ടമായിട്ടു ഒരുദശാ ബ്ദക്കാലമാകുന്നു. മാതൃഭൂമി ദിനപത്രത്തിന്‍റെ ഒന്നാം പേജില്‍ പ്രത്യക്ഷപ്പെട്ടിരുന്ന 'കുഞ്ഞമ്മാന്‍ ' എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്‍റെ സൃഷ്ടികര്‍ത്താവ് എന്ന നിലയില്‍ ഏറെ പ്രശസ്തനായിരുന്നു. കോഴിക്കോട് ജില്ലയിലെ തിക്കോടിയില്‍ ബടയക്കണ്ടി മാളിയേക്കല്‍ വൈദ്യരകത്ത് മുഹമ്മദ്കുട്ടി ഹാജിയുടെയും മറിയ ഉമ്മയുടെയും മകനായി 1943ജൂണ്‍ പത്തിന് ജനിച്ച ഗഫൂര്‍ 2002നവംബര്‍ 13ന്  അന്തരിച്ചു. നോവലിസ്റ്റും വിവര്‍ത്തകയുമായ ബി.എം.സുഹറ സഹോദരിയാണ്.

പ്രശസ്ത ചിത്രകാരന്‍ എം.വി.ദേവന്‍റെ കീഴിലാണ് ചിത്രകല അഭ്യസിച്ചു തുടങ്ങിയത്. ചെന്നൈയിലെ കോളേജ് ഓഫ് ഫൈന്‍ആര്‍ട്സ് ആന്‍റ് ക്രാഫ്റ്സില്‍ തുടര്‍ന്ന് പഠിച്ചു. അവിടെ കെ.സി.എസ് .പണിക്കര്‍ പ്രിന്‍സിപ്പലായിരുന്നു. 'ചന്ദ്രിക 'ദിനപത്രത്തിലും ഡല്‍ഹി ദൂരദര്‍ശിനിലും 'ശങ്കേഴ്സ് വീക്കിലി'യിലും 'ദേശാഭിമാനി 'ദിനപത്രത്തിലും ജോലി നോക്കിയിരുന്നു. അടിയന്തിരാവസ്ഥക്കാലത്ത് ദേശാഭിമാനി വിട്ട് 'നിറമാല 'മാസിക തുടങ്ങി. തുടര്‍ന്ന്‍ 'കട്ട് കട്ട് 'കാര്‍ട്ടൂണ്‍ മാസിക' തുടങ്ങിയവയിലും ജോലി നോക്കിയിരുന്നു . 1980ലാണ് മാതൃഭൂമി ദിനപത്രത്തില്‍ ചേര്‍ന്നത്‌ . 'ബാലരമ'യില്‍ ചിത്രകഥകളും പ്രസിദ്ധീകരിച്ചിരുന്നു.

ഒരിക്കല്‍ 'ഗഫൂര്‍ക്കാ ദോസ്താ'കാന്‍ ഈയുള്ളവനും ഭാഗ്യം ലഭിച്ചു. അദ്ദേഹം മരിക്കുന്നതിനു മുന്‍പ് ,എറണാകുളം പ്രസ്സ് ക്ലബ്ബില്‍ വെച്ച് ചേര്‍ന്ന കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ വെച്ചായിരുന്നു അത്.ചിരപരി ചിതനെ പോലെ ആദ്യം കാണുന്നയാളോടും പെരുമാറുന്ന പ്രകൃതക്കാരനായിരുന്നു ഗഫൂര്‍  .പ്രസിദ്ധ കാര്‍ട്ടൂണിസ്റ്റ് മരിയോ മിരാണ്ടയുമായി രൂപസാദൃശ്യമുള്ളതു പോലെ തോന്നി. വരയിലാകട്ടെ ഇരുവര്‍ക്കും തമ്മില്‍ യാതൊരു സാരൂപ്യവുമില്ല. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ 'ചിറി' യിലാണ് ഗഫൂര്‍ വരകളുടെ രഹസ്യം അല്ലെങ്കില്‍ മൌലികത. പല്ല് പുറത്തുകാണിക്കാത്ത നേതാക്കന്മാരും വ്യക്തികളും ഗഫൂര്‍ വരകളിലൂടെ ഇളിയന്മാരായി രൂപപ്പകര്‍ച്ച നേടിയെത്തി. കമന്റോ ,ക്യാപ്ഷനോ നോക്കുന്നതിനു മുന്‍പ് തന്നെ ഈ പല്ലിളിക്കാഴ്ചയിലൂടെ തന്നെ ആശയം ഗ്രഹിക്കുവാന്‍ വഴക്കപ്പെട്ടതാണ് ഗഫൂര്‍ വരകളുടെ സവിശേഷത. ഒഴുക്കന്‍ വരകളും ഒടിയന്‍ വരകളും കാലഭേദമന്യേ ഇടകലര്‍ന്ന് ആ സവിശേഷതയില്‍ ഭാഗഭാക്കായി.

ഗഫൂര്‍ അന്തരിച്ചശേഷം 2003 നവംബര്‍ 15ന് ഇറങ്ങിയ മാതൃഭുമിയുടെ മുഖക്കുറിപ്പില്‍ വരയിലെ സവിശേഷതയെ എടുത്തു പറഞ്ഞു, ''കാഴ്ചക്കപ്പുറം വിചാരത്തിന്റെ തലത്തിലേക്കുകൂടി സഹൃദയരെ കൊണ്ടുപോകുന്ന കലാരൂപമാക്കി കാര്‍ട്ടൂണിനെ മാറ്റിയെടുത്ത പ്രതിഭയാണ് വ്യാഴാഴ്ച നിര്യാതനായ ബി.എം.ഗഫൂര്‍ .രാവിലത്തെ ചായയോടൊപ്പം മാതൃഭൂമി വായനക്കാര്‍ക്ക് ശീലമായിക്കഴിഞ്ഞിട്ടുള്ള 'കുഞ്ഞമ്മാനി' ലൂടെയാണ് ഗഫൂര്‍ ഈ മാറ്റം സാധിച്ചത് .കുഞ്ഞമ്മാന്‍ എന്ന പോക്കറ്റ് കാര്‍ട്ടൂണില്‍ സാധാരണക്കാരന്റെ നിത്യ നൈമിത്തിക പ്രശ്നങ്ങള്‍ മുതല്‍ രാഷ്ട്രീയ-സാമൂഹിക -സാംസ്കാരിക വിഷയങ്ങളും അന്താരാഷ്‌ട്ര പ്രശ്നങ്ങളും വരെ ഗഫൂര്‍ കൈകാര്യം ചെയ്തു. വായനക്കാരെ ചിരിപ്പിക്കുക മാത്രമായിരുന്നില്ല അദ്ദേഹം. ഇങ്ങനെയാണല്ലോ ലോകം എന്ന സഹാനുഭൂതിയിലേക്ക് അവരെ നയിക്കാനും ആ കാര്‍ട്ടൂണിനു കഴിഞ്ഞിട്ടുണ്ട്.

എല്ലാം നോക്കിക്കാണുകയല്ലാതെ ഒരക്ഷരം സംസാരിക്കാത്ത കുഞ്ഞമ്മാന്‍ ആ കഥാപാത്രത്തിന്റെ സൃഷ്ടാവിന്‍റെ ദര്‍ശനത്തിന്‍റെ സവിശേഷത ഉള്‍ക്കൊള്ളുന്നു. ധാരാളം വായിക്കുകയും വായിച്ചവ ഉള്‍ക്കൊള്ളുകയും അവ തന്‍റെ രചനകളില്‍ അനായാസമായി പ്രതിഫലിപ്പിക്കുകയും ചെയ്തു ഗഫൂര്‍ .രക്ഷിതാക്കളുടെ ആഗ്രഹത്തിന് വിരുദ്ധമായി ചിത്രകലാപഠനത്തിലേക്ക് തിരിഞ്ഞ് അവിടന്ന് കാര്‍ട്ടൂണിലെത്തി നിലയുറപ്പിച്ച ഗഫൂറിന്റെ വളര്‍ച്ചക്ക് ,കലാരംഗത്തെ കുലപതി കളായ കെ.സി.എസ് .പണിക്കര്‍ ,എം.വി.ദേവന്‍ ,ശങ്കര്‍ തുടങ്ങിയവരുമായുള്ള സമ്പര്‍ക്കം പോഷകമായിതീര്‍ന്നു.''

കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സ്ഥാപക സെക്രട്ടറിയായും ,ചെയര്‍മാനുമായി രുന്നിട്ടുണ്ട് .കോഴിക്കോട് പ്രസ്‌ ക്ലബ്ബ് പ്രസിഡണ്ട്‌ ,ലളിത കലാ അക്കാദമി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1991ല്‍ തിരുവനന്തപുരം പ്രസ്‌ ക്ലബ്ബിന്‍റെ കാര്ട്ടൂണിസ്റ്റ് ഓഫ് ദ ഇയര്‍ ,കാര്‍ട്ടൂണ്‍ അക്കാദമിയുടെ 2000ലെ അവാര്‍ഡ് എന്നിവക്ക് അര്‍ഹനായി. 'കാര്‍ട്ടൂണ്‍ ഇന്ത്യ 74','കുഞ്ഞമ്മാന്‍ 'എന്നീ ഗ്രന്ഥങ്ങള്‍ പ്രസിധീകരിച്ചിട്ടുണ്ട് .കുഞ്ഞമ്മാന്‍ കേന്ദ്ര കഥാപാത്രമായി ഒരു ടെലി ഫിലിം ഇറങ്ങിയിട്ടുണ്ട് .ദുബായ് ,അബുദാബി ,ഷാര്‍ജ ,ദോഹ ,തുടങ്ങിയ രാജ്യങ്ങളില്‍ പ്രദര്‍ശനം നടത്തിയിട്ടുണ്ട് .

No comments:

Post a Comment