Thursday, November 28, 2013

നന്മയും നര്‍മവും വരകളില്‍ ചാലിച്ച മാരിയോ മിറാന്റ -ജോഷി ജോര്‍ജ് ('കാര്‍ടൂണ്‍ പത്രിക'യില്‍ നിന്ന് )


പോര്‍ച്ചുഗീസ് സംസ്‌കാരം നല്‍കിയ പരിഷ്‌കാരത്തിന്റെ നാടായ ഗോവയില്‍ ജനിച്ചു വളര്‍ന്ന മാരിയോ മിറാന്‍ഡയുടെ സ്‌കെച്ചുകളില്‍ എന്നും നാഗരികത മുറ്റിനില്‍ക്കുന്നതാണ് നമുക്ക് കാണാന്‍ കഴിയുന്നത്. ഗോവയിലെ നാഗരിക ജീവിതത്തില്‍ മതം വലിയ സ്വാധീനം ചെലുത്തിയിരുന്നു. പള്ളി പ്രസംഗങ്ങള്‍, ഘോഷയാത്രകള്‍, ബാന്‍ഡ് മേളകള്‍….എന്തിന് ശവസംസ്‌കാരം വരെ അവിടെ ഒരാഘോഷം പോലെയാണ്.ചടങ്ങിനുശേഷം ഗംഭീരമായ വിരുന്നും നടക്കും. പിന്നീട് എല്ലാവരും പരേതരുടെ അപാദാനങ്ങള്‍ വാഴ്ത്തും.

മാരിയോയിലെ കാര്‍ട്ടൂണിസ്റ്റിന് ഇവയെല്ലാം ഒന്നാംതരം വിഭവങ്ങളായിരുന്നു. കണ്‍മുന്നില്‍ കണ്ട രസകരമായ കാര്യങ്ങള്‍ മാരിയോ മിറാന്‍ഡ തലങ്ങും വിലങ്ങും വരച്ചുകൂട്ടി. പുരോഹിതന്മാരായിരുന്നു മാരിയോയുടെ പ്രധാന ഇരകള്‍. അന്നത്തെ ഗോവന്‍ സമൂഹത്തില്‍ പുരോഹിതര്‍ വളരെ പ്രാമാണികരായിരുന്നു. അച്ചന്മാര്‍ തന്നെ ഒരു 100 തരത്തിലുണ്ടായിരുന്നു. നന്നായി പ്രസംഗിക്കുന്ന ചെറുപ്പക്കാര്‍, നെടുങ്കന്‍ പ്രസംഗങ്ങള്‍ നടത്തി ബോറടിപ്പിക്കുന്ന വയസന്മാര്‍, ഗിത്താര്‍ വായിക്കുന്ന അച്ചന്മാര്‍, പാട്ടുപാടുന്നവര്‍…. അച്ചന്മാരെ വരച്ചുവരച്ച് മാരിയോ മിറാന്‍ഡ കുഴപ്പത്തില്‍ ചെന്നു ചാടി. തൊണ്ടി സഹിതം ബിഷപ്പിന്റെ മുന്നില്‍ ഹാജരാക്കപ്പെട്ടു. പോര്‍ച്ചുഗീസുകാരനായിരുന്നു ആ ബിഷപ്പ്. നല്ല നര്‍മ്മ ബോധമുള്ള വ്യക്തി. പയ്യന്‍ വരച്ച ഹാസ്യചിത്രങ്ങള്‍ കണ്ട് പൊട്ടിച്ചിരിച്ചു.

കൂട്ടുകാരുമൊത്ത് കളിക്കുന്നതിലുമേറെ തനിച്ചിരുന്ന് ആളുകളെ നിരീക്ഷിക്കാനായിരുന്നു ചെറുപ്പത്തിലെ മാരിയേവിന് ഏറെ താല്‍പ്പര്യം. പിന്നെ കളികളിലുമുണ്ട് വിചിത്ര സ്വഭാവം. പട്ടിയേയും പൂച്ചയേയും കൊച്ചുകുപ്പായങ്ങള്‍ ധരിപ്പിച്ച് നാടകം കളിക്കും. ഇങ്ങനെ പടമൊക്കെ വരച്ചു നടക്കുമ്പോഴും ഉള്ളില്‍ ഒരു ഐ.എ.എസ് കാരനാകാനായിരുന്നു മോഹം.മുംബൈലെ സെ.സേവ്യേഴ്‌സ് കോളേജില്‍ നിന്നും ബി.എ.പാസ്സായി. അതിനിടക്ക് കറന്റ് വീക്കിലിയിലും ഇല്ലസ്‌ട്രേറ്റഡ് വീക്കിലിയിലും മറ്റും ധാരാളം കാര്‍ട്ടൂണുകള്‍ വരച്ചു. മുംബെ  നഗരജീവിതത്തെപ്പറ്റിയായിരുന്നു അവയെല്ലാം. പോക്കറ്റ് മണി അങ്ങനെ ഒപ്പിച്ചിരുന്നു.

ഐ.എ.എസിനു തയ്യാറെടുക്കുന്നതിനിടെ അല്‍പ്പം കല പഠിക്കുന്നതിനായി ജെ.ജെ സ്‌കൂള്‍ ഓഫ് ആര്‍ട്ട്‌സില്‍ ചേര്‍ന്നു. പഠനം മാരിയോക്ക് അത്ര ദഹിച്ചില്ല.അത് ഉപേക്ഷിച്ചു. പിന്നെ ഒരു സ്‌നേഹിതന്റെ നിര്‍ദ്ദേശപ്രകാരം ടൈംസ് ഓഫ് ഇന്ത്യയില്‍ ജോലിക്ക് അപേക്ഷിച്ചു.

തല്‍ക്കാലം മാരിയോ മിറാന്‍ഡ അവര്‍ക്ക് സ്വീകര്യനായില്ല.അപേക്ഷ തള്ളി.പിന്നീട് ആ പത്രം മാരിയോയെ അങ്ങോട്ട് ചെന്ന് ക്ഷണിച്ചു.  മാരിയോ മിറാന്‍ഡ അത് സ്വീകരിക്കുകയും ചെയ്തു. ആയിടക്കാണ് വിദേശത്തേക്ക് ഒന്ന് കടന്നാലോ എന്ന ആഗ്രഹം മൊട്ടിട്ടത്. പോര്‍ച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിലെത്താനുള്ള പണം കഷ്ടിച്ച് കയ്യിലുണ്ട്. അവിടെ ചെന്നപ്പോള്‍ ഭാഗ്യം കൈവന്നു. ഒരു വര്‍ഷത്തെ പഠനത്തിനുള്ള ഒരു സ്‌കാളര്‍ഷിപ്പ് ഒത്തുവന്നു. പഠിത്തമൊന്നും നടന്നില്ല.ലിസ്ബണിലെ നൃത്തശാലകളില്‍ മാരിയോ എന്ന യുവാവ് നിരന്തരം പ്രത്യക്ഷപ്പെട്ടു. പഠനോപചാരങ്ങളില്‍ പങ്കുകൊണ്ടു. ഒരു വര്‍ഷം കടന്നുപോയതറിഞ്ഞില്ല. പണം തീരുകയും ചെയ്തു. ഇനിയെന്തു ചെയ്യും? ഒരു സുഹൃത്തിന്റെ നിര്‍ദ്ദാശപ്രകാരം ലണ്ടനിലേക്ക് പോയി. അവിടെ പ്രത്യേകിച്ച് പരിപാടിയൊന്നുമില്ല. ക്രിസ്മസ് കാലം.വിശപ്പടക്കണമല്ലോ, പോസ്റ്റ്മാനായി ഒരു പാര്‍ട്ട് ടൈം പണിയൊപ്പിച്ചു. അത് കഴിഞ്ഞപ്പോള്‍ ഒരു റസ്റ്റോറന്റില്‍ ജോലി കിട്ടി. ഒരാഴ്ച പാത്രം കഴുകി.അപ്പോഴേക്കും വീണ്ടും ഭാഗ്യം തുണച്ചു. ലില്ലിപ്പുട്ട് എന്ന മാസികയില്‍ ചിത്രകാരനായി നിയമിക്കപ്പെട്ടു.

റൊണാള്‍ഡ് സിയോള്‍, വിക്കി തുടങ്ങിയ പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളുമായി പരിചയപ്പെട്ടു. റൊണാള്‍ഡ് പറഞ്ഞു, നീ ഇവിടെത്തന്നെ പിടിച്ചു നില്‍ക്കണം നല്ല ഭാവിയുണ്ട്. എന്നെ അനുകരിക്കുന്ന പരിപാടി നിര്‍ത്തിയേക്ക്, എന്നുകൂടി പറയാന്‍ മറന്നില്ല അദ്ദേഹം… ശരിയാണ് റൊണാള്‍ഡ് സിയോളിന്റെ കാര്‍ട്ടൂണ്‍ ശൈലി മാരിയോയെ വല്ലാതെ ആകര്‍ഷിച്ചിരുന്നു.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷവും ഫ്രഞ്ച് ഭരണത്തിന്‍ കീഴില്‍ കഴിഞ്ഞ ഗോവയുടെ വിമോചനം പൂര്‍ത്തിയായപ്പോള്‍ മാരിയോ മിറാന്‍ഡ ഇന്ത്യയിലേക്ക് മടങ്ങി. ടേംസ് ഓഫ് ഇന്ത്യയില്‍ ചേര്‍ന്നു. വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞ് 1980 ല്‍ രാജിവെച്ചു.പിന്നെ ഫ്രീലാന്‍സ് കാര്‍ട്ടൂണിസ്റ്റായി കഴിഞ്ഞു. ലോകത്തിന്റെ ഒട്ടേറെ വൈവിധ്യമാര്‍ന്ന മുഖങ്ങള്‍ മാരിയോ മിറാന്‍ഡ നേരില്‍ കണ്ട് പകര്‍ത്തിയിട്ടുണ്ട്. പാരീസിലെ സെ.എറ്റിയന്‍ പള്ളിമുതല്‍ ന്യൂ ഓര്‍ലിയന്‍സിലെ നൈറ്റ് ക്ലബ്ബ് വരെ. ഫോര്‍ട്ട് കോച്ചിയിലെ ചീനവലമുതല്‍ അംബര ചുബികളായ കെട്ടിടങ്ങള്‍ കൊണ്ടുനിറഞ്ഞ ന്യൂ യോര്‍ക്കിന്റെ ചക്രവാളം വരെ…ഒന്നും തീര്‍ത്തും യഥാതഥമല്ല. 

അല്‍പ്പം കുസൃതി കലര്‍ത്തിയേ മാരിയോ മിറാന്‍ഡ എന്തിനേയും അവതരിപ്പിക്കൂ. മാരിയോ മിറാന്‍ഡയുടെ കാര്‍ട്ടൂണുകളില്‍ എപ്പോഴും വലിയ ആള്‍ത്തിരക്കാണ്. തിക്കും തിരക്കും നിറഞ്ഞ മഹാനഗരത്തിലെ നാല്‍ക്കവല. വാഹനങ്ങളുടെ ബഹളം. ഇരുവശത്തും തീപ്പെട്ടിക്കൂടുപോലെ പത്തും പന്ത്രണ്ടും നിലകളുള്ള കെട്ടിടങ്ങള്‍. അവയുടെ ഒരോ നിലകളിലും പലപല രംഗങ്ങള്‍.  പെണ്ണുങ്ങള്‍ തമ്മിലുള്ള കുടുംബവഴക്ക്. അപ്പുറത്തും ഇപ്പുറത്തും മറഞ്ഞുനിന്ന് പരസ്പരം കണ്ണെറിയുന്ന കമിതാക്കള്‍. അങ്ങിനെ ഒരായിരം കാര്യങ്ങള്‍ ഒരു ചെറിയകാര്‍ട്ടൂണില്‍ ഒതുക്കിയിരിക്കും. ലക്ഷ്മണനെപോലെ അടിസ്ഥാനപരമായി താന്‍ ഒരു കാര്‍ട്ടൂണിസ്റ്റല്ലെന്ന് തുറന്നു പറയാന്‍ മാരിയോ മിറാന്‍ഡക്ക് മടിയില്ല. വരക്കാനറിയുന്നവര്‍ക്ക് ഇന്ത്യ ഒരു സ്വര്‍ണ ഖനിയാണെന്നാണ് മാരിയോ മിറാന്‍ഡ പറയുന്നത്. കേരളം അതിനേക്കാള്‍ ഒരു പടി മുന്നിലാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ഇത്രയും വ്യത്യസ്തമായ മുഖങ്ങള്‍ ഇന്ത്യയിലല്ലാതെ മറ്റേതൊരു രാജ്യത്ത് കിട്ടുമെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. എന്നും കേരളത്തിന്റെ ഒരു ആരാധകനാണ് മാരിയോ മിറാന്‍ഡ. ഒപ്പം കേരളത്തിലെ കരിമീനു കളുടെയും.26 വവര്‍ഷം മുമ്പായിരുന്നു ആദ്യമായി മാരിയോ മിറാന്‍ഡ കേരളത്തിലെത്തിയത്. പാശ്ചാത്യ-പൗരസ്ത്യ സംസ്‌കാരങ്ങള്‍ ഒഴുകിയെത്തിയ കൊച്ചിയില്‍ കണ്ട അപൂര്‍വ കാഴ്ചകള്‍ കാര്‍ട്ടൂണില്‍ പകര്‍ത്തി. കേരള ലളിതകലാ അക്കാദമി സംഘടിപ്പിച്ച ഒരു ക്യാമ്പായിരുന്നു വേദി.പിന്നീട് എറണാകുളം പ്രസ് ക്ലബ്ബിന്റെ രജത ജൂബിലി പ്രമാണിച്ച് സംഘടിപ്പിച്ച മറ്റൊരു കാര്‍ട്ടൂണ്‍ ക്യാമ്പിലും മാരിയോ മിറാന്‍ഡ സജീവമായിരുന്നു. ഈ രണ്ടുക്യാമ്പിലും കാര്‍ട്ടൂണിസ്റ്റ് എന്ന നിലയില്‍ സഹകരിക്കാനും മാരിയോ മിറാന്‍ഡയുമായി സൗഹൃദത്തിലേര്‍പ്പെടാനും ഈ ലേഖകന് കഴിഞ്ഞിരുന്നു. എപ്പോഴും പുഞ്ചിരി പൊഴിക്കുന്ന മുഖവുമായി പ്രത്യക്ഷപ്പെടാറുള്ള മാരിയോ മിറാന്‍ഡ എന്ന അനുഗൃഹീത കലാകാരന്‍ ഇനി ഓര്‍മ്മ മാത്രം. 2011 ഡിസംബര്‍ 11 ന് അദ്ദേഹം അന്തരിച്ചു. 



No comments:

Post a Comment